19/06/2015
മാര്‍ഗി റൂഡിക്
ലാന്റ്‌സ്‌കേപ്പിങ്ങ് സൗന്ദര്യാതിര്‍ത്തികളെ നിഷ്ഫലമാക്കിയ പുരസ്‌കാര ജേതാവ്..
ലാന്റ്‌സ്‌കേപ്പ് രൂപകല്പ്പനാ രംഗത്ത് വെല്ലുവിളിക്കപ്പെട്ട ക്രിയാത്മക ഭാവങ്ങള്‍ കൊണ്ട് 25 വര്‍ഷത്തെ അനുഭവ പാഠങ്ങളുമായി തനതുമുദ്ര പതിപ്പിച്ച വ്യക്തി. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ച്ചര്‍ മേഖലയിലെ പെണ്‍കരുത്ത്. വിശേഷണങ്ങള്‍ ഒരിക്കലും ആര്‍ഭാടമാകുന്നില്ല മാര്‍ഗി റൂഡിക്കിന്. ലാന്റ്‌സ്‌കേപ്പിങ്ങിന്റെ മികച്ച മാതൃകകളായി ഇന്നും ലോകം നെഞ്ചിലേറ്റുന്ന റൂഡിക്കിന്റെ വര്‍ക്കുകള്‍തന്നെ അതിനുദാഹരണമാണ്.
കാലിഫോര്‍ണിയന്‍ ഹംബോള്‍ട്ടിലെ സമൃദ്ധമായി പടര്‍ന്നു പന്തലിച്ച വള്ളിച്ചെടികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മാര്‍ഗി ലാന്റ്‌സ്‌കേപ് രൂപകല്പ്പനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അതും അമ്മ ഡൊറോത്തി റൂഡിക്കുമായി ചേര്‍ന്ന്. അമേരിക്കയിലെ മിഡ്രോണ്‍ മന്‍ഹട്ടന്‍ ടവറിലെ പ്രകൃതി വശ്യതയിലേക്ക് നയിക്കുന്ന അര്‍ബന്‍ ഗാര്‍ഡന്‍ ഇടനാഴിയാണ് മാര്‍ഗിയുടെ പുത്തന്‍ പ്രൊജക്ടുകളിലൊന്ന്. മുന്തിരി വള്ളികളും വള്ളിച്ചെടികളും ഇടചേര്‍ന്ന അത്ഭുതാവഹമായ രീതി.. അര്‍ബന്‍ ഗാര്‍ഡന്‍ ഇടനാഴികളില്‍ നിങ്ങള്‍ ചെല്ലുകയാണെങ്കില്‍ തികച്ചും ശാന്തരായിരിക്കും. അഥവാ സംസാരിക്കുകയാണെങ്കില്‍ പെട്ടെന്നു തന്നെ സംസാരം അവസാനിപ്പിക്കുമെന്നത് തീര്‍ച്ച. അവിടത്തെ ഈര്‍പ്പമേറിയ അന്തരീക്ഷവും പച്ചപ്പിന്റേയും ഭൂമിയുടേയും വാസന കൂടുതല്‍ സുന്ദരവും ആരോഗ്യപ്രദവുമാണ്. ഡൊറോത്തി റൂഡിക് മരിക്കുന്നതിനു മുമ്പ് (2010) പൂര്‍ത്തീകരിച്ചിടത്തു നിന്നും ഇതു പറയുമ്പോള്‍ മാര്‍ഗിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നു തന്റെ വര്‍ക്കിലുള്ള, ലാന്റ്‌സ്‌കേപ്പിങ്ങിന്റെ മനോഹാരിതയിലുള്ള വിശ്വാസം..
ലാന്റ്‌സ്‌കേപ്പ് ആര്‍കിടെക്ച്ചറിനുള്ള കൂപ്പര്‍ ഹെവിറ്റ് നാഷണല്‍ അവാര്‍ഡ്(2013) റുഡീക്കിന്റെ സ്വതസിദ്ധമായ കഴിവുകളിലൊന്നു മാത്രമാണ്. ക്യൂന്‍സ്പ്ലാസ ഡച്ച് കില്‍സ് ഗ്രീന്‍, അര്‍ബന്‍ ഗാര്‍ഡന്‍ റൂം, ന്യൂയോര്‍ക്ക അക്വേറിയം പെരീമീറ്റര്‍ പ്രൊജക്ട്, ഷില്ലിം റിട്രീറ്റ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാസ കാബോ, ബാജ കാലിഫോര്‍ണിയ, ഫ്‌ളോറിഡയിലെ ബേ ഗാര്‍ഡന്‍ എന്നിവ റൂഡീക്കിന്റെ ഡിസൈനിങ്ങില്‍ പിറന്ന വിസ്മയങ്ങള്‍.
ലളിതമായ ചിന്തകളും അതിനേക്കാള്‍ ലളിതമായ ജീവിതവുമാണ് മാര്‍ഗിയെ മാര്‍ഗിയാക്കുന്നത്. എനിക്ക് ശക്തമായ കൈകളുണ്ട്, എന്തും നേടാം, പക്ഷേ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു നേരത്തെ ഭക്ഷണം മാത്രമാണ്. ഇത്തരം ചിന്തകള്‍ എവിടെയാണോ അവിടെ ജീവിതം സംഭവ്യമാകും. എവിടെ രക്ഷാകേന്ദ്രവും ഭക്ഷണവും വെള്ളവും കണ്ടെത്തുന്നോ അവിടെ ആവാസവ്യവസ്ഥ സംഭവ്യമാകും. ഇതാണ് മാര്‍ഗി റുഡീക് തിയറി, ലളിത ജീവിതത്തിന്റെ അടിസ്ഥാനം. റൂഡിക്ക് തത്വങ്ങളെയെല്ലാം 'വൈല്‍ഡ് ബൈ ഡിസൈന്‍' എന്നു പേരിട്ടിരിക്കുന്ന പുസ്തത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ ടീമിലായിരുന്നു മാര്‍ഗിയുടെ ഇരുപതുകളിലെ കരിയര്‍. ജോണ്‍ ആര്‍ സ്റ്റില്‍ഗോയുടെ ' കോമണ്‍ ലാന്റ്‌സ്‌കേപ്പ് ഓഫ് അമേരിക്ക' വായിച്ചതിനു ശേഷമാണ് ലാന്റ്‌സ്‌കേപ്പ് മേഖലയിലേക്കുള്ള ചുവടുവയ്പ്പ്.
മാര്‍ഗിയുടെ പ്രധാനപ്പെട്ട രണ്ടു വര്‍ക്കുകള്‍ക്കും വൈദേശിക ടച്ച് ഉണ്ടായിരുന്നു. എന്‍വയോണ്‍മെന്റല്‍ ആര്‍ട്ടിസ്റ്റായ ബെറ്റ്‌സി ദമോനുമായി ചേര്‍ന്ന് ചൈനയിലെ ചെങ്ഡു ലിവിങ്ങ് വാട്ടര്‍ പാര്‍ക്കിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. മലിനമായ നദീജലം നാച്ചുറല്‍- ആര്‍ട്ടിസ്റ്റിക് ട്രീറ്റ്‌മെന്റിലൂടെ ശുദ്ധീകരിച്ച് കുളങ്ങളിലും മറ്റും എത്തിക്കുന്ന പ്രക്രിയയാണിത്. മറ്റൊരു പ്രധാന വര്‍ക്ക് ന്യൂയോര്‍ക്ക് ആര്‍ക്കിടെക്റ്റായ സ്റ്റീവന്‍ ഹാരിസിന്റെ ഷില്ലിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് ടീമിന്റെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ്. ക്വീന്‍സ് പ്ലാസയില്‍ മാര്‍പില്ലേരോ പൊല്ലാക് ആര്‍ക്കിടെക്റ്റുമായും ആര്‍ട്ടിസ്റ്റ് മൈക്കിള്‍ സിംഗറുമായും ചേര്‍ന്ന് ട്രാഫിക് മീഡിയനുകള്‍ സമൃദ്ധമായ ഗ്രീന്‍വേ ആക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിക്കാനും മാര്‍ഗി റൂഡിക്കിനായി. മീഡിയനിലെ ചെടികളും നിരത്തില്‍ വിരിച്ച കല്ലുകളും സ്റ്റോം വാട്ടറിനെ ഉപരിതലത്തെ എപ്പോഴും ഈര്‍പ്പനിലമാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്നു. ഗ്രൗണ്ടിലായി അയേണ്‍വുഡ്, മഗ്നോളിയാസ് തുടങ്ങി വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ള ചെടികള്‍ കൂട്ടിക്കലര്‍ത്തി നടുകയും ചെയ്തു.
ക്യൂന്‍സ്പ്ലാസ ഡിസൈന്‍ നോക്കുകയാണെങ്കില്‍ അതു തികച്ചും മോടിയില്ലാത്ത ഒരു വര്‍ക്കായിരുന്നു. കാഴ്ച്ചക്കാരനെ പെട്ടെന്ന് ആകര്‍ഷിച്ചില്ലെന്നു വരാം. എന്നാല്‍ മാര്‍ഗിയുടെ ക്യൂന്‍സ്പ്ലാസ പുനനിര്‍വചനം ഏവരേയും അമ്പരപ്പിക്കുകയും ഒരു അര്‍ബന്‍ പാര്‍ക്കായി ലോകോത്തര നിലവാരത്തിലേക്ക് അതിനെ ഉയര്‍ത്തുകയും ചെയ്തു.
നൈതികവും സൗന്ദര്യബോധവുമാണ് ഇതിനെല്ലാം ആധാരം. പ്രാക്ടിക്കല്‍ വര്‍ക്ക് എന്നു പറയുന്നത് വളരെ എളുപ്പമാണ് എന്നാല്‍ സൗന്ദര്യബോധം മനോഹരമല്ലാത്ത എന്തിനേയും സുന്ദരമാക്കുന്നു. അതുകൊണ്ടുതന്നെ പൂന്തോട്ടങ്ങളെ മാര്‍ഗി ഏറെ ഇഷ്ടപ്പെടുന്നു. ലാന്റ്‌സ്‌കേപ്പിങ്ങ് ഡിസൈനിങ്ങിലെ വിശേഷങ്ങള്‍ തന്നെയാണ് മാര്‍ഗിയെന്ന വ്യക്തിയുടേയും വിശേഷങ്ങള്‍. അതിനെ മാറ്റിനിര്‍ത്തിയാല്‍ മാര്‍ഗി റൂഡിക്ക് എന്ന വ്യക്തിയുമില്ല. അത്രയേറെ ജീവിതവുമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു ലാന്റ്‌സ്‌കേപ്പും അതിന്റെ രൂപകല്പ്പനയുമെല്ലാം..
കടപ്പാട്: dwell magazine