27/12/2025
എൽ എസ് എസ് പരീക്ഷകൾ പുതിയ പേരിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് ഇത്തവണ നടപ്പിലാവുക.... സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ എന്ന പേരിലാണ് LSS / USS പരീക്ഷകൾ അറിയപ്പെടുക .
എന്തൊക്കെയാണ് രക്ഷിതാക്കൾ പുതുക്കിയ പരീക്ഷയെ കുറിച്ച് അറിയേണ്ടത് ?
എങ്ങനെയാണ് കൂട്ടുകാർ ഈ പരീക്ഷകൾക്കായി തയ്യാറാവേണ്ടത് ?
ഇത്തരം ചോദ്യങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് താഴെ ചേർക്കുന്നത് .
1 . നാലാം ക്ലാസിലെ രണ്ടാം ടേം പരീക്ഷയിലും നിരന്തര വിലയിരുത്തലിലും എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയ കൂട്ടുകാർ ഈ പരീക്ഷ എഴുതാൻ യോഗ്യരാണ്.
ഒരു വിഷയത്തിന് മാത്രം B ഗ്രേഡ് ആയിപ്പോയെങ്കിൽ സബ്ജില്ലാ മേളകളിൽ A / B ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയിട്ടുള്ള കൂട്ടുകാർക്കും ഈ പരീക്ഷയിൽ പങ്കെടുക്കാം.
2. പരീക്ഷ ഫീസ് അടയ്ക്കേണ്ടതില്ല. 26-2 2026 , വ്യാഴാഴ്ച സി.എം കിഡ്സ് സ്കോളർഷിപ്പ് ( LP വിഭാഗം ) പരീക്ഷ നടക്കും...
അതിനർത്ഥം കൂട്ടുകാർക്ക് ഇനി പരീക്ഷയ്ക്ക് തയ്യാറാവാൻ 2 മാസം മാത്രമേയുള്ളൂ....
അർഹതയുള്ള കൂട്ടുകാരെ കണ്ടെത്തി 15 - 1 - 2026 ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അർഹരായവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യേണ്ട ചുമതല HM നാണ്
3. 2026 ജനുവരി 31 വരെ നാലാം ക്ലാസിൽ പഠിക്കേണ്ട പാഠഭാഗങ്ങളെ അധികരിച്ചാവും ചോദ്യങ്ങൾ ഉണ്ടാവുക. ഏതെല്ലാം പാഠങ്ങൾ എന്ന് ബന്ധപ്പെട്ട അധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തണം.
4. വിശദമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ഒറ്റ വാക്കിൽ ഉത്തരം എഴുതേണ്ട ചോദ്യങ്ങളും ചോദ്യ പേപ്പറിൽ ഉണ്ടാവും.
5. പാഠപുസ്തങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ മാത്രമല്ല , അധ്യാപക സഹായിയിൽ പറഞ്ഞിട്ടുള്ള പഠന ലക്ഷ്യങ്ങൾ , ആശയങ്ങൾ , ധാരണകൾ , ശേഷികൾ , നൈപുണികൾ , മൂല്യങ്ങൾ , മനോഭാവങ്ങൾ എന്നിവ കേന്ദ്രീകരിച്ചും ചോദ്യങ്ങൾ ഉണ്ടാവാം.
6. പഠനവുമായി ബന്ധപ്പെട്ട് 2026 ജനുവരി 31 വരെ നിർദ്ദേശിക്കുന്ന ( അധ്യാപക സഹായിയിൽ പറഞ്ഞിട്ടുള്ള ) വായന സാമഗ്രികൾ , തുടർ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളും ഉണ്ടാവും.
7. പൊതു വിജ്ഞാന മേഖലയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും കൂടി ചോദ്യ പേപ്പറിൻ്റെ ഭാഗമായിരിക്കും .
അത് നിർദ്ദേശിക്കപ്പെട്ട 3 തീമുകളെ കേന്ദ്രീകരിച്ചാവും . 2025 -26 വർഷത്തെ തീമുകൾ താഴെ ചേർക്കുന്നു... ( അടുത്ത വർഷം മാറ്റം വരും )
കേരളം അടിസ്ഥാന വസ്തുതകൾ
പക്ഷികൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
8. ആകെ 2 പരീക്ഷകൾ ഉണ്ടായിരിക്കും ( രാവിലെയും ഉച്ചയ്ക്കും 2 മണിക്കൂർ വീതം )
രാവിലത്തെ പരീക്ഷ 50 സ്കോറിനും ഉച്ചയ്ക്ക് ശേഷം 30 സ്കോറിനും ആയിരിക്കും പരീക്ഷ.
9. രാവിലത്തെ പരീക്ഷയിൽ ഒറ്റ വാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഉച്ചയ്ക്ക് വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളുമാവും ഉണ്ടാവുക.
10. ചോദ്യപേപ്പറുകളുടെ മാതൃക പരീക്ഷ ഭവൻ്റെ വെബ് സൈറ്റിൽ താഴെ കാണുന്ന ലിങ്കിലെ അറിയിപ്പുകളിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും. അല്ലെങ്കിൽ മാതൃക ചോദ്യ പേപ്പറിൻ്റെ കോപ്പി അധ്യാപകരോട് ആവശ്യപ്പെടാം.
https://pareekshabhavan.kerala.gov.in
11. മാതൃക ചോദ്യ പേപ്പറിൽ തന്നിരിക്കുന്ന മാതൃകയിലുള്ള ചോദ്യങ്ങളും തീമുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി കുട്ടികളെ പരിശീലിപ്പിക്കണം.
12. ഗൈഡ് വാങ്ങി പഠിപ്പിച്ചത് കൊണ്ട് സി.എം കിഡ്സ് സ്കോളർഷിപ്പ് പരീക്ഷ നേടണമെന്നില്ല. നിരന്തരമായ സ്വയം പരിശീലനമാണ് കൂട്ടുകാർ ശീലമാക്കേണ്ടത് .
13. പരീക്ഷയിൽ പങ്കെടുക്കുന്ന കൂട്ടുകാരുടെ കൂട്ടായ പരിശീലനം പരീക്ഷ എഴുതുന്നതിന് ആത്മവിശ്വാസം നൽകും. സംഘ പഠനത്തിന് അവസരമൊരിക്കണം
14. മാതൃക പരീക്ഷകൾ കൂട്ടുകാർ എഴുതുന്നതിനുള്ള സാഹചര്യവും ഒരുക്കി നൽകാം...
15. ടെൻഷൻ ഇല്ലാതെ , കൂട്ടുകാർക്ക് സ്വന്തം കഴിവുകളും അറിവുകളും സ്വയം വിലയിരുത്തലിനുള്ള അവസരമായി ഈ പരീക്ഷയെ കാണണം
സി.എം കിഡ്സ് സ്കോളർഷിപ്പ് എൽ പി വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. UP വിഭാഗം നിർദ്ദേശങ്ങൾ സൈറ്റിൽ ലഭ്യമാണ്. LP വിഭാഗം പരീക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ചിത്രങ്ങളാക്കി പോസ്റ്ററിനൊപ്പം ചേർത്തിട്ടുണ്ട് . അത് കൂടി വായിച്ച് നോക്കണേ...