29/08/2022
ഈ കാലഘട്ടത്തില്‍ അനിവാര്യമായും പിറക്കേണ്ടുന്ന ഒരു നോവല്‍. നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ എന്ന ഞെട്ടിക്കുന്ന ചോദ്യത്തോടെയുള്ള ആരംഭം. ഘാതകന്‍ എന്ന കെ.ആര്‍. മീരയുടെ നോവല്‍ അവിശ്വനീയമാം വിധം സങ്കീര്‍ണ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ട ഒരു ഇന്ത്യന്‍ സ്ത്രീയുടെ ജീവിതം പറയുന്നതിലൂടെ സമകാലിക ഇന്ത്യയെ എഴുതുന്നു. ഇതില്‍ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണമായ അനുഭവതലങ്ങളുണ്ട്. സ്ത്രീയവസ്ഥയുടെ പച്ചയായ ആവിഷ്‌കാരമുണ്ട്. സമകാലിക ഇന്ത്യന്‍ സാമൂഹ്യാവസ്ഥയുണ്ട്. ഇവയെ എല്ലാം സര്‍ഗാത്മകമായി ഇണക്കിച്ചേര്‍ത്ത ഗംഭീരമായ ആഖ്യാനമുണ്ട്. ഗോഡ്‌സേയുടെ ചിന്തയും രാഷ്ട്രീയവും ഭരണാശയമായി മാറിക്കഴിഞ്ഞ ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരുടെ മഹാസങ്കടങ്ങളെ ഉള്ളുലയ്ക്കും വിധം ഉള്ളടക്കിയിട്ടുണ്ടിതില്‍. നിസ്വരായ ആ മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെ നീറ്റലുകളെ അനുഭവിപ്പിക്കാന്‍പോന്ന ഏറ്റവും ഉതകുന്ന ഒരു ആഖ്യാനരീതിയാണ് നോവലിന്റേത്. ഘാതകന്‍ എന്ന ബൃഹത്തായ നോവലിനെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനമോ നിരൂപണമോ അല്ല ഈ കുറിപ്പ്. ഇവിടെ ഇക്കാലത്ത് ജീവിക്കുന്ന ഒരു രാഷ്ട്രീയജീവിയുടെ വായനാനുഭവം മാത്രമാണ്. ഘാതകനെ മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന് പറയാന്‍ ഇതിന്റെ വായനാനുഭവമാണ് പ്രേരണ.
❤️