21/05/2026
*5 kW സോളാർ പ്ലാന്റുകൾക്ക് ത്രീ-ഫേസ് നിർബന്ധമാക്കുന്നതിൽ ഇളവ് വേണം: വൈദ്യുതി മന്ത്രിക്ക് ബി.ഡി.എ നിവേദനം നൽകി*
തിരുവനന്തപുരം കേരളത്തിൽ നിലവിൽ 5 കിലോവാട്ട് (5 kW) വരെയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ത്രീ-ഫേസ് കണക്ഷൻ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സോളാർ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ വൈദ്യുതി മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. *ബി.ഡി.എ (BDA) പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സലീം മാട്ടായ യാണ് മന്ത്രിയെ നേരിൽ കണ്ട് അപേക്ഷ കൈമാറിയത്.
നിലവിലെ നിയമപ്രകാരം 5 kW വരെയുള്ള സോളാർ സിസ്റ്റം സ്ഥാപിക്കാൻ ഉപഭോക്താക്കൾ തങ്ങളുടെ സിംഗിൾ ഫേസ് കണക്ഷൻ വലിയ തുക ചെലവഴിച്ച് ത്രീ-ഫേസ് ആക്കി മാറ്റേണ്ടി വരുന്നുണ്ട്. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സോളാർ പദ്ധതികളുടെ വ്യാപനത്തിന് ഇത് വലിയൊരു തടസ്സമായി നിൽക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നിബന്ധനയിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണം. സോളാർ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ സംരക്ഷിക്കുന്നതും കേരളത്തിന്റെ സൗരോർജ്ജ മേഖലയ്ക്ക് ഉണർവേകുന്നതുമായ അനുകൂലമായൊരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണം. സലീം മാട്ടായ (ബി.ഡി.എ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്)*
വിഷയം അതീവ ഗൗരവത്തോടെ പരിശോധിക്കാമെന്നും, സോളാർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും സാധാരണക്കാർക്ക് സോളാർ പദ്ധതികൾ കൂടുതൽ ലളിതമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വൈദ്യുതി മന്ത്രി ഉറപ്പുനൽകി. പുതിയ മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നിലപാട് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സോളാർ വ്യാപാരികളും ഉപഭോക്താക്കളും.