19/08/2026
ശ്രീ നാരായണീയാമൃതരസം
ദശകം തൊണ്ണൂറ്റിയേഴ്
ശ്ലോകം ഒന്ന്
**********
ത്രൈഗുണ്യാദ്ഭിന്നരൂപം ഭവതി ഹി ഭുവനേ
ഹീനമദ്ധ്യോത്തമം യത്,
ജ്ഞാനം ശ്രദ്ധാ ച കർത്താ വസതിരപി സുഖം
കർമ്മ ചാഹാരഭേദാ:;
ത്വത്ക്ഷേത്രത്വന്നിഷേവാദി തു യദിഹ പുന-
സ്ത്വത്പരം തത്തു സർവ്വാ
പ്രാഹുർന്നൈർഗുണ്യനിഷ്ഠം; തദനുഭജനതോ
മംക്ഷു സിദ്ധോ ഭവേയം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം
സത്വഗുണം, രജോഗുണം, തമോഗുണം എല്ലാവരിലുമുണ്ട്. അതനുസരിച്ച്, ഈ ഗുണങ്ങളുടെ ഏറ്റ കുറച്ചിലനുസരിച്ച്, ജ്ഞാനം, ശ്രദ്ധ, കർത്താവ്, വാസസ്ഥാനം, സുഖം, പ്രവൃത്തി, ആഹാരരീതി ഇവ പലതരത്തിലായിരിക്കും.
അവയെല്ലാം ഉത്തമമെന്നും, മദ്ധ്യമമെന്നും, അധമമെന്നും മൂന്നായി തരം തിരിക്കാം. എല്ലാം ഭൂതങ്ങളിലുമുള്ള ആത്മാവ് ഒന്നാണെന്നുള്ള അറിവ് സാത്വികമാകുന്നു. എന്നാൽ വേറെവേറെയാണെന്ന് വിചാരിക്കുന്നത് രജോഗുണമാണ്. കുട്ടികളെപ്പോലെ ശരീരം തന്നെയാണ് ആത്മാവെന്ന് കരുതുന്നത് തമോഗുണമാണ്.
ശ്രദ്ധ മൂന്നു തരത്തിലുണ്ട്. അദ്ധ്യാത്മികശ്രദ്ധ, ധർമ്മശ്രദ്ധ, അധർമ്മശ്രദ്ധ എന്നിവയാണത്. വിരക്തർ, രാഗി, അജ്ഞാനി എന്നീ മൂന്ന് തരത്തിലുള്ള കർത്താക്കളാണ് പ്രപഞ്ചത്തിൽ.
വനം, ഗ്രാമം, ചൂതുകളിസ്ഥലം എന്നീ മൂന്നുതരം വാസസ്ഥാനങ്ങൾ. അതുപോലെ സുഖവും മൂന്നു തരത്തിലാണ്. ആത്മാനന്ദം;, വിഷയസുഖം;, ലഹരിയും അതിയായ ഉറക്കം കൊണ്ടുണ്ടാകുന്ന സുഖം എന്നിവയാണവ. നിഷ്കാമമെന്നും കാമ്യമെന്നും നിഷിദ്ധമെന്നും ഉള്ളതാണ് കർമ്മങ്ങളുടെ മൂന്നു വിഭാഗം.
ശുദ്ധമെന്നും, നാവിന് രുചി തരുന്നതും, പഴകിയതും ചീഞ്ഞതുമായ മൂന്നുതരം ആഹാരരീതികളുണ്ട്.
അല്ലയോ ഭഗവാനേ!
ശ്രീഗുരുവായൂരപ്പ! നിന്തിരുവടിയിൽ ആത്മാർപ്പണം ചെയ്തുകൊണ്ട് ചെയ്യുന്ന ക്ഷേത്രപ്രദക്ഷിണം, അങ്ങയെ പൂജിക്കൽ ഇവയെല്ലാം ത്രിഗുണങ്ങളുമായി ഒരു ബന്ധവുമില്ല. അതിനാൽ ഇത്തരം പ്രവൃത്തികൾ നിർഗ്ഗുണങ്ങളിൽ പെടും. ഇതിലാണ് അടിയന് താൽപര്യം. ഈ ഉപാസന കൊണ്ട് വേഗത്തിൽ സിദ്ധിയെ പ്രാപിക്കേണമേ എന്നാണ് കവി പ്രാർത്ഥിക്കുന്നത്.
ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം
നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻